നൈൽ നദിയുടെ തീരത്താണ് ഈജിപ്ഷ്യൻ സംസ്കാരം വളർന്നു പന്തലിച്ചത്. അതിനാൽത്തന്നെ ആ നദിക്ക് ഈജിപ്തില്‍ ലഭിക്കുന്ന പ്രാധാന്യം ചെറുതൊന്നുമല്ല. ഏകദേശം 175 ഫറവോമാരെങ്കിലും ഈജിപ്ത് ഭരിച്ചിട്ടുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. ഇതിൽ എഴുപതോളം പേരുടെ ശവകുടീരം ഇനിയും ലഭിക്കാനുണ്ട്. നൈലിന്റെ തീരത്ത് എവിടെയോ മണ്ണിനടിയിൽ ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളുമായി ഇന്നും അവ നിലനിൽക്കുന്നു.
ഈജിപ്തിൽ ഗവേഷകർ കണ്ടെത്തിയ ഏതാണ്ടെല്ലാ ശവകുടീരങ്ങളിലും നേരത്തേ കവർച്ചക്കാർ കടന്നുകൂടിയിരുന്നു. അതിനാൽത്തന്നെ വിലപ്പെട്ട ഒട്ടേറെ വസ്തുക്കൾ നഷ്ടമായിട്ടുമുണ്ട്. ലോകപ്രശസ്ത ഫറവോയായ തുത്തൻഖാമന്റെ കുടീരത്തിൽ വരെ നടന്നിട്ടുണ്ട് മോഷണം. എന്നാൽ അടക്കിയതിനു ശേഷം ഒരു മോഷ്ടാവ് പോലും ഇന്നേവരെ തൊടാത്ത ഒരു മമ്മി കണ്ടെത്തിയിട്ടുണ്ട് ഈജിപ്തിൽ.
ഒരുപക്ഷേ തുത്തൻഖാമനേക്കാൾ പ്രശസ്തനാവേണ്ടതായിരുന്നു സുസെന്നിസ് ഒന്നാമൻ എന്ന ഈ ഫറവോയുടെ കുടീരം. എന്നാൽ ഈ കുടീരം കണ്ടെത്തുന്ന സമയത്ത് ലോകം രണ്ടാം ലോകമഹായുദ്ധത്തിന്റെ പിടിയിലായിരുന്നു. അതിനാൽത്തന്നെ വർഷങ്ങളോളം ഇതിന്റെ പ്രാധാന്യം ലോകത്തിനു മുന്നിൽനിന്നു മറഞ്ഞുനിന്നു.
നൈലിന്റെ തീരത്തെ ടെനിസ് പ്രദേശത്തുനിന്ന് 1940 ഫെബ്രുവരിയിൽ പിയർ മോണ്ടെ എന്ന ഫ്രഞ്ച് പുരാവസ്തു ഗവേഷകനാണ് സുസെന്നിസിന്റെ ശവകുടീരം ആദ്യം കണ്ടെത്തുന്നത്. അതിനു ഏതാനും വർഷം മുൻപുതന്നെ അദ്ദേഹം അവിടെ ഉദ്ഖനനം ആരംഭിച്ചിരുന്നു.
ഒട്ടേറെ ഗവേഷകർ പല തവണ കുഴിച്ച ആ പ്രദേശത്തിനു തോന്നിയ പ്രത്യേകതയതയാണ് മോണ്ടെയെക്കൊണ്ട് വീണ്ടും അന്വേഷണത്തിനു പ്രേരിപ്പിച്ചത്. അതു ചെന്നെത്തിയതാകട്ടെ അടക്കിയതിനു ശേഷം ഇന്നേവരെ ആരും ‘ശല്യപ്പെടുത്താത്ത’ ഫറവോയുടെ ശവകുടീരത്തിലേക്കും.
തുത്തൻഖാമന്റേത് സ്വർണക്കല്ലറയായിരുന്നെങ്കിൽ സുസെന്നിസിനെ അടക്കിയത് പൂർണമായും വെള്ളിയിൽ തീർത്ത പെട്ടിയിലായിരുന്നു. ഈജിപ്തിൽ മറ്റൊരിടത്തും ഇന്നേവരെ അത്തരമൊരു ശവപ്പെട്ടി കണ്ടെത്തിയിട്ടുമില്ല, അതിനാൽത്തന്നെ വൈകാതെ സുസെന്നിസിനെ സിൽവർ ഫറവോ എന്ന പേരും വീണു.
1920കളിലാണ് ഹൊവാർഡ് കാർട്ടർ തുത്തൻഖാമന്റെ കുടീരം കണ്ടെത്തുന്നത്. അന്നത് വമ്പൻ വാർത്തയുമായിരുന്നു. എന്നാൽ പടിഞ്ഞാറൻ യൂറോപ്പിൽ യുദ്ധംകൊടുമ്പിരിക്കൊണ്ട 1940കളിൽ അൽപം പോലും വാർത്താ പ്രാധാന്യം മോണ്ടെയുടെ കണ്ടെത്തലിനു ലഭിച്ചില്ലെന്നതാണു സത്യം.
പുരാതന ഈജിപ്തിലെ ഇരുപത്തിയൊന്നാം രാജവംശത്തിൽപ്പെട്ടതായിരുന്നു സുസെന്നിസ് ഒന്നാമൻ. വംശത്തിലെ മൂന്നാമെത്തെ രാജാവായിരുന്നു അദ്ദേഹം. ബിസി 1047നും 1001നും ഇടയിലായിരുന്നു ഭരണം. തുത്തൻഖാമനും റാംസിസ് ഫറവോയ്ക്കുമെല്ലാം ശേഷം ഈജിപ്തിന്റെ ഇരുണ്ട കാലഘട്ടമായിരുന്നു. അതിനിടയ്ക്കായിരുന്നു സുസെന്നിസിന്റെ ഭരണം.
അക്കാലത്താണ് അപ്പർ ഈജിപ്ത്, ലോവർ ഈജിപ്ത് എന്നുള്ള വിഭജനം രാജ്യത്തു വരുന്നത്. ഇരുപത്തിയൊന്നാം രാജവംശം ഭരിച്ചത് ലോവർ ഈജിപ്തിലായിരുന്നു. ടെനിസായിരുന്നു ഭരണകേന്ദ്രം. തീബ്സ് കേന്ദ്രീകരിച്ചായിരുന്നു അപ്പർ ഈജിപ്തിലെ ഭരണം. പരമോന്നത ദൈവമായ അമുണിന്റെ പുരോഹിതനായിരുന്നു അവിടെ ഭരണം.
രാജ്യം ശോഷിച്ചു വരുന്ന സമയമായിരുന്നു അത്. അതിനാൽത്തന്നെ രാജാക്കന്മാരുടെയും പ്രതാപത്തിനു മങ്ങലേറ്റ നാളുകൾ. എന്നാൽ സുസെന്നിസിന്റെ കുടീരത്തിൽ മാത്രം അതൊന്നും പ്രകടമായില്ല. പൂർണമായും വെള്ളിയിൽ തീർത്ത കുടീരം അക്കാലത്തെ അവസ്ഥ സംബന്ധിച്ചു നോക്കുമ്പോൾ പ്രതാപത്തിന്റെ മേൽത്തട്ടാണു സൂചിപ്പിച്ചിരുന്നത്. പുരാതന ഈജിപ്തിൽ ദൈവങ്ങളുടെ മാംസമായിട്ടായിരുന്നു സ്വർണത്തെ കണക്കാക്കിയത്.
വെള്ളിയാകട്ടെ അവരുടെ എല്ലുകളും. സ്വർണം ഈജിപ്തിൽ ധാരാളമായി ലഭിച്ചിരുന്നെങ്കിലും വെള്ളി പടിഞ്ഞാറൻ ഏഷ്യയിൽനിന്നും മെഡിറ്ററേനിയൻ മേഖലയിൽനിന്നും കപ്പലിൽ കൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. അതിനാൽത്തന്നെ സ്വർണത്തേക്കാൾ വിലയേറിയ ലോഹവുമായിരുന്നു അക്കാലത്ത് വെള്ളി. സുസെന്നിസിന്റെ മൃതദേഹത്തെ പൊതിഞ്ഞുണ്ടായിരുന്നതാകട്ടെ അതീവ ഗുണമേന്മയുള്ള മുന്തിയ ഇനം വെള്ളിയും!
പിങ്ക് ഗ്രാനൈറ്റ്കൊണ്ടുള്ള കല്ലറയിലായിരുന്നു ശവപ്പെട്ടി സൂക്ഷിച്ചിരുന്നത്. മൃതദേഹത്തിന്റെ മുഖം മൂടിയിരുന്നത് ഒരു സ്വർണ കവചം കൊണ്ടായിരുന്നു. മോണ്ടെ കണ്ടെത്തുമ്പോഴേക്കും മൃതദേഹം കാലപ്പഴക്കം കാരണം പൊടിഞ്ഞു പൊയിരുന്നു. ആകെ അവശേഷിച്ചത് എല്ലുകളും ഏതാനും കറുത്ത പൊടിയും മാത്രം. ഒപ്പം അന്ത്യകർമങ്ങൾക്ക് ഉപയോഗിച്ച വസ്തുക്കളും. മൃതദേഹം പൊടിഞ്ഞുപോയതിന് പാരിസ്ഥിതികമായ ചില കാരണങ്ങളുമുണ്ട്.
ഈജിപ്തിലെ ലക്സറിൽ രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്തു നിന്നാണ് തുത്തൻഖാമന്റെ ഉൾപ്പെടെ മൃതദേഹം കണ്ടെത്തിയത്. അപ്പർ ഈജിപ്ത് ഭാഗമായതിനാലും കൊടുംചൂടേറിയ മണൽ കവചം തീർക്കുന്നതിനാലും ഈ താഴ്‌വരയിൽ അടക്കുന്ന മൃതദേഹങ്ങൾക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല.
എന്നാല്‍ ലോവർ ഈജിപ്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ഈർപ്പമേറിയതും ചതുപ്പുനിലങ്ങൾ നിറഞ്ഞതുമായ നൈലിന്റെ ഡെൽറ്റ പ്രദേശമായിരുന്നു ടെനിസ് ഉൾപ്പെടെ. ഇവിടെ ശവകുടീരങ്ങളിലേക്ക് ഭൂമിക്കടിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതും പതിവായിരുന്നു. മരംകൊണ്ടു നിർമിച്ച വസ്തുക്കളെല്ലാം പെട്ടെന്നു ദ്രവിക്കുകയും ചെയ്യും.
അങ്ങനെയാണ് സുസെന്നിസിന്റെ കല്ലറയുടെപല ഭാഗങ്ങളും മൃതദേഹവും അഴുകിപ്പോയത്. പക്ഷേ തുത്തൻഖാമന്റെ കുടീരത്തിൽനിന്നു ലഭിച്ചതിനേക്കാൾ വിലയേറിയ വസ്തുക്കളായിരുന്നു ‘സിൽവർ ഫറവോ’യുടെ കുടീരത്തിലെന്നാണ് ഗവേഷകർ പറയുന്നത്–കോടികൾ വരും മൂല്യം!```