ഏഴുലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ആദിമ നരവംശമായ ഹോമോ ഫ്ലോറെൻസിസ് ഇന്തൊനീഷ്യയിലുണ്ടെന്ന് ശാസ്ത്രജ്ഞൻ. ഹോബിറ്റ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ പൂർവിക മനുഷ്യന് മൂന്നടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ചെറിയ തലച്ചോറും വലിയ കാലുകളുമുള്ള ഹോബിറ്റ് എവിടെ നിന്നാണു വംശപരിണാമം സംഭവിച്ച് ഉത്ഭവിച്ചതെന്ന് ഇന്നും അറിയാത്ത വസ്തുത.
ഫ്ലോറസ് എന്ന ദ്വീപിലാണ് ഹോബിറ്റ് വംശം ജീവിച്ചിരുന്നത്. ഇന്ന് ഈ ദ്വീപുകൾ ഇന്തൊനീഷ്യയുടെ ഭാഗമായി മാറി.
കാനഡയിലെ ആൽബർട്ട് സർവകലാശാലയിലെ ഗവേഷകനായ ഗ്രിഗറി ഫോർത്താണു തന്റെ പുതിയ പുസ്തകത്തിൽ ഹോബിറ്റ് ഇന്തൊനീഷ്യയിൽ ഇപ്പോഴുമുണ്ടാകാമെന്ന വാദം മുന്നോട്ടുവയ്ക്കുന്നത്. ഫ്ലോറസ് ദ്വീപിൽ ഇടയ്ക്കിടെ കാണപ്പെടുന്നു എന്നു പറയപ്പെടുന്ന ആൾക്കുരങ്ങ് മനുഷ്യൻ ഹോബിറ്റ് വംശത്തിൽപെട്ട ആരോ ആണെന്നും ഗ്രിഗറി ഫോർത്ത് പറയുന്നു.
നരവംശ ശാസ്ത്രജ്ഞനായ ഗ്രിഗറി ഫോർത്ത് 1984 മുതൽ തന്നെ ഫ്ലോറസ് ദ്വീപിൽ ഗവേഷണം നടത്തുന്നുണ്ട്. കുറിയ, ശരീരം നിറയെ രോമമുള്ള വിചിത്രമനുഷ്യനെക്കുറിച്ചുള്ള കഥകൾ നാട്ടുകാർ പറയുന്നത് അക്കാലത്തു തന്നെ താൻ കേട്ടിരുന്നെന്ന് ഫോർത്ത് പറഞ്ഞു.
ഒരിക്കൽ ഫ്ലോറസ് ദ്വീപിലെ ഒരാൾ ഒരു ജീവിയുടെ ശവം താൻ കുഴിച്ചിട്ടതിനെപ്പറ്റി പറഞ്ഞിരുന്നെന്നും ഫോർത്ത് പുസ്തകത്തിൽ ഓർമിക്കുന്നു. കുരങ്ങാണോ മനുഷ്യനാണോ എന്നു തീർച്ചയില്ലാത്ത ജീവി എന്നായിരുന്നു ആ നാട്ടുകാരൻ അദ്ഭുത ജീവിയെപ്പറ്റി പറഞ്ഞത്.
2003ൽ ആണ് ഹോമോ ഫ്ലോറെൻസിസ് എന്ന ആദിമമനുഷ്യവർഗം ഉണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഫ്ലോറസ് ദ്വീപിലെ ഒരു ഗുഹയിൽ നിന്നു കുറേ ആദിമ എല്ലുകൾ കണ്ടെത്തി അവ പരിശോധിച്ചതിനെത്തുടർന്നായിരുന്നു ഇത്. യുഎസിലെ കണക്ടിക്കറ്റ് സംസ്ഥാനത്തിന്റെ വിസ്തീർണമുള്ള ദ്വീപാണു ഫ്ലോറസ്.
ഇരുപതു ലക്ഷത്തോളം പേർ ഇവിടെ ജീവിക്കുന്നുണ്ട്. ദ്വീപിൽ വ്യാപിച്ചു കിടക്കുകയാണു മനുഷ്യർ. ഇത്രയും ആളുകൾ ഉള്ളിടത്ത് ഒരു വിചിത്രരൂപിയായ ആദിമമനുഷ്യനു ആരുടെയും കണ്ണിൽപെടാതെ ജീവിക്കാൻ പാടാണെന്ന് മറ്റു ചില ശാസ്ത്രജ്ഞർ എതിരഭിപ്രായം പറഞ്ഞിട്ടുണ്ട്.