മറ്റുള്ളവരെ നിരീക്ഷിച്ച് അതേപടി അനുകരിക്കാനുള്ള കഴിവ് മനുഷ്യനു മാത്രമേ ഉള്ളൂ എന്നുകരുതിയെങ്കിൽ തെറ്റി. പലതരം ജീവികളെ അനുകരിച്ച് ശത്രുക്കളെ പറ്റിക്കുന്ന ഒരു വിരുതൻകടലിലുണ്ട്. മിമിക് ഒക്ടോപസ് എന്നറിയപ്പെടുന്ന ഒരു കുഞ്ഞൻ നീരാളിയാണ് ഈ താരം. ഒന്നും, രണ്ടുമല്ല പതിനഞ്ചോളം ജീവികളെയാണ് രണ്ടടി നീളമുളള ഈ ഇത്തിരി കുഞ്ഞൻ അനുകരിക്കുന്നത്.
വെറുതെ അങ്ങ് അനുകരിക്കുകയല്ല. ജീവികളുടെ രൂപവും ,ഭാവവും ചലിക്കുന്ന രീതിയും, എന്തിനേറെ, നിറം വരെ അതെ പടി പകർത്തിയാണ് കക്ഷിയുടെ കിടിലൻ പ്രകടനം. തിരണ്ടി, നക്ഷത്രമത്സ്യം, കടൽപാമ്പ്, ജെല്ലിഫിഷ്, ഡ്രാഗൺ ഫിഷ്, ഞണ്ട് തുടങ്ങി പതിനഞ്ചോളം കടൽ ജീവികളുടെരൂപ ഭാവങ്ങൾ നിമിഷനേരം കൊണ്ട് സ്വീകരിക്കാൻ ഇവയ്ക്കു കഴിയും.അതീവ ബുദ്ധിസാമർഥ്യമുള്ളവരാണ് ഈ നീരാളികൾ. ഒരു പ്രദേശത്ത് നീരാളികളെ ഇരകളാക്കുന്ന ജീവികൾഎതോക്കെയാണെന്ന് തിരിച്ചറിയനുള്ള കഴിവ് ഇവർക്കുണ്ട്.
ശത്രുക്കൾ ആക്രമിക്കാൻ വരുമ്പോൾ ഇവയുടെ രൂപം കൈക്കൊണ്ടാണ് ഇവർ രക്ഷപെടുന്നത്. ഇതിനു പുറമെ ഞൊടിയിടയിൽ മണ്ണു തുരന്നു മാളമുണ്ടാക്കി അതിൽ ഒളിക്കാനും ഇവയ്ക്കുസാധിക്കും. സ്വയരക്ഷയ്ക്കും, ഇരകളെ പിടിക്കാനും വേണ്ടിയാണ് ഇങ്ങനെ ഒളിക്കുന്നത്. മറ്റുജീവജാലങ്ങളെ അനുകരിക്കുന്ന നിരവധി ജീവികളുണ്ടെങ്കിലും ഇത്രയധികം രൂപ ഭാവങ്ങൾഅനുകരിക്കുന്ന മറ്റൊരു ജീവിയേയും ഇതുവരെ കണ്ടെത്തിയിട്ടില്ല.